പ്രായപൂർത്തിയാകാത്ത കേൾവിക്കുറവുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 30കാരനായ പിതാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഇയാൾ ബെംഗളൂരു സൗത്ത് മേഖലയിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
വയറുവേദനയെ തുടർന്ന് എട്ട് വയസ്സുകാരിയെ രണ്ടാനമ്മ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലൈംഗിക പീഡനം സംശയിച്ച ഡോക്ടർമാർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു. സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടറുടെ സഹായത്തോടെ കുട്ടിയുമായി ആശയവിനിമയം നടത്തിയെങ്കിലും പ്രതിയെ വ്യക്തമായി തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
ആദ്യം അജ്ഞാതനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിതാവിനെ സംശയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഹരോഹള്ളി പൊലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം തുടരുകയാണ്.