ചിക്കബെല്ലാപുരയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു. ചിന്താമണി സ്വദേശിയായ മുനിനാരായണപ്പ (60), കൊച്ചുമക്കളായ യശ്വിൻ (10), പ്രജ്ജ്വൽ (11) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഹുസീനപുര ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയതായിരുന്നു മൂന്നുപേരും. ദർശനം കഴിഞ്ഞ് രാത്രിയായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുളത്തിൽ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുനിനാരായണപ്പയും അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കുട്ടികൾ കുളത്തിൽ എങ്ങനെ വീണുവെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.