മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തീരുമാനങ്ങൾ നിയമപ്രകാരം ഏകകണ്ഠമായോ ഭൂരിപക്ഷാടിസ്ഥാനത്തിലോ എടുത്തതാണോ എന്ന് വ്യക്തമാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.
മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിൻ്റെയും വിവേക് ജോഷിയുടെയും അംഗീകാരമില്ലാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്ന ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ വ്യക്തത വരുത്താൻ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരിൽനിന്ന് മറുപടി തേടിയിട്ടുണ്ട്.
അതേസമയം, മാധ്യമ റിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി തീരുമാനങ്ങൾ എടുത്തതായി കണ്ടെത്തിയാൽ പിന്നീട് അവ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.