ഫ്ലൈദുബായ് വിമാനത്തിൽ അട്ടിമറിക്ക് ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി വിമാനം റാഞ്ചി 9/11 മാതൃകയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. കോക്‌പിറ്റിലുണ്ടായിരുന്ന ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം വിമാനം ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

ഒമാൻ പൗരനായ അൽ-ഹമ്മാമി ഒറ്റയ്ക്കാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ഇസ്രയേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ക്യാപ്റ്റനെ ആക്രമിച്ച ശേഷം വിമാനം സാധാരണ നിലയിൽ പറത്തുകയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും യുഎഇയിൽ അറസ്റ്റിലായ അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് അനുമതി നേടിയ ശേഷം വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റ് വിമാനങ്ങളിലേക്കോ വിമാനം ഇടിച്ചുകയറ്റാനും പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം. വിമാനം നിയന്ത്രണത്തിലാക്കുന്നതിനായി ജോർദാന് മുകളിലൂടെ പറക്കുന്ന സമയം തിരഞ്ഞെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.

സംശയം ഒഴിവാക്കാനും ആക്രമണത്തിന് ആവശ്യമായ സമയം ലഭിക്കാനുമാണ് ഈ സമയക്രമം തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ജൂലൈയിലും അൽ-ഹമ്മാമി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനുമായുള്ള സൗഹൃദത്തെ തുടർന്ന് അവസാന നിമിഷം പദ്ധതി ഉപേക്ഷിച്ചതായും സൂചനയുണ്ട്.

ഫ്ലൈദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിൽ അൽ-ഹമ്മാമി ബെൻ ഗുറിയോൺ വിമാനത്താവളം നിരവധി തവണ സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജൂണിലെ സന്ദർശനത്തിനിടെ വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ആക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

Related Posts