കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെ ജന്തർ മന്തർ പ്രദേശം സംഘർഷഭരിതമായി. മാർച്ച് തടയാൻ ശ്രമിച്ച പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുണ്ട്.
പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സിജെപി. “കനത്ത മഴയോ സുരക്ഷാ ക്രമീകരണങ്ങളോ ഇന്ന് പാറ്റകളെ തടയില്ല” എന്ന സന്ദേശത്തോടെയാണ് പാർട്ടി സമൂഹമാധ്യമമായ എക്സിലൂടെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെയും 25 ബറ്റാലിയൻ കേന്ദ്രസേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർ, അഡീഷണൽ ഡി.സി.പി. റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ്.
ഇതിനിടെ സമരത്തിന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമായി ചർച്ച നടത്തണമെന്ന ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. വാങ്ചുക്കിൻ്റെ ആരോഗ്യനില സംബന്ധിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി നോട്ടീസ് നൽകിയെങ്കിലും അടിയന്തര ഇടപെടൽ ഉണ്ടായില്ല. നിലവിൽ സോനം വാങ്ചുക്ക് സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.