ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ 11 കോച്ചുകൾ പാളം തെറ്റി. ബംഗളൂരുവിൽ നിന്ന് ആസാമിലെ ഗുവഹാട്ടിയിലുള്ള കാമാഖ്യ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തായി ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇസിഒആർ ജനറൽ മാനേജർ, ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
അപകട ദുരിതാശ്വാസ, മെഡിക്കൽ ദുരിതാശ്വാസ ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിനിരയായവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പാടാക്കി. ധൗലി എക്സ്പ്രസ്, നീലാചൽ എക്സ്പ്രസ്, പുരുലിയ എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്.