നാദാപുരം കടമേരി ആർഎസി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിക്കെതിരേ ജുവനയിൽ ജസ്റ്റിസ്‌ ബോർഡിന് റിപ്പോർട്ട് നൽകും. വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാൻ സാധ്യതയുണ്ട്. പോലീസ് ആൾമാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിൻ്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

ഇയാൾ ഹാൾടിക്കറ്റിൽ കൃത്രിമം നടത്തുകയായിയിരുന്നു. ആർഎസി. ഹയർസെക്കൻഡറി സ്കൂളിൽ ഓപ്പൺസ്കീമിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ മുഹമ്മദ് മിസ്ഹബ് എന്ന വിദ്യാർത്ഥിക്ക് പകരമായാണ് ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഇസ്മായിൽ പരീക്ഷ എഴുതാനെത്തിയത്. കടമേരി റഹ്‌മാനിയ കോളേജിൽ രണ്ടുപേരും മതപഠനത്തിനെത്തിയതിനെ തുടർന്നുള്ള പരിചയമാണ്.

ഒരേ ഹോസ്റ്റലിലാണ് ഇവർ താമസിക്കുന്നത്. ക്ലാസിൽ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടം മനസ്സിലായത്. അധ്യാപകൻ പ്രിൻസിപ്പലിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ വിദ്യാഭ്യാസ അധികൃതർക്കും പോലീസിലും പരാതി നൽകി. തുടർന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Posts