ദസറ, അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്ന യാത്രക്കാർക്ക് തിരിച്ചടിയായി ദക്ഷിണ പശ്ചിമ റെയിൽവേയുടെ നടപടി. ബെംഗളൂരു–മംഗളൂരു, ബെംഗളൂരു–കാർവാർ റൂട്ടുകളിലെ പകൽ ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ റദ്ദാക്കി. ഒക്ടോബർ 4 മുതൽ നവംബർ 4 വരെയാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ യാത്രക്കാർ ആശങ്കയിലായി.

യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ ഗോമതേശ്വര എക്സ്പ്രസ്, യശ്വന്ത്പുർ–കാർവാർ എക്സ്പ്രസ്, യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയാണ് വിവിധ ദിവസങ്ങളിൽ റദ്ദാക്കിയത്. ആകെ 26 റൗണ്ട് ട്രിപ്പുകളെ നിയന്ത്രണം ബാധിക്കും. ദസറ അവധിക്കാലത്തെ ചില ദിവസങ്ങളിൽ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്കിടയിൽ ആശങ്ക തുടരുകയാണ്.

നവരാത്രി, മൈസൂരു ദസറ ആഘോഷങ്ങൾക്കായി കർണാടകയിലേക്കും മൈസൂരു മേഖലയിലേക്കും യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സമയത്താണ് റെയിൽവേയുടെ തീരുമാനം. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് വിശദീകരണം.

എന്നാൽ അറ്റകുറ്റപ്പണികൾ ദസറയ്ക്ക് ശേഷം നടത്താമായിരുന്നുവെന്നും വാരാന്ത്യങ്ങളിലെ യാത്രാത്തിരക്ക് പരിഗണിച്ച് ജോലികൾ ക്രമീകരിക്കാമായിരുന്നുവെന്നും യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2025ൽ വൈദ്യുതീകരണ ജോലികളുടെ ഭാഗമായി ഇതേ പാതയിലെ പകൽ ട്രെയിനുകൾ ആറുമാസത്തോളം റദ്ദാക്കിയതും യാത്രക്കാർ ഓർമിപ്പിക്കുന്നു. സർവീസുകൾ റദ്ദാക്കിയതിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

Related Posts