ബെംഗളൂരുവിൽ വ്യാജ 500 രൂപ നോട്ടുകൾ അച്ചടിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിരുന്ന സംഘത്തെ ചാമരാജ്പേട്ട് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്, തെലങ്കാന സ്വദേശികളായ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട നാലുപേർ കൂടി ഒളിവിലാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
അറസ്റ്റിലായവരിൽ നിന്ന് 21.68 ലക്ഷം രൂപയുടെ മൂല്യമുള്ള 4,337 വ്യാജ 500 രൂപ നോട്ടുകൾ പിടിച്ചെടുത്തു. വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിങ് ഉപകരണങ്ങൾ, ഒരു കാർ, എട്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ 14-നാണ് കേസിനാസ്പദമായ സംഭവം. മൈസൂരു റോഡ് ഫ്ലൈഓവറിൻ്റെ ബി.ജി.എസ്. ഫ്ലൈഓവർ ഭാഗത്തെ ഇറക്കത്തിന് സമീപമുള്ള പെട്രോൾ പമ്പിനടുത്ത് കാറിലെത്തി വ്യാജ നോട്ടുകൾ വിതരണം ചെയ്യാൻ ശ്രമിക്കുന്നതായി ചാമരാജ്പേട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇൻസ്പെക്ടർ വി. കിരണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി. ഇവരിൽ നിന്ന് 500 രൂപയുടെ 3,000 വ്യാജ നോട്ടുകളും കാറും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തി.
ആദ്യഘട്ടത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിൽ ഒമ്പതുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 16-ന് ചെന്നൈയിൽ നിന്ന് രണ്ടുപേരെയും സെപ്റ്റംബർ 18-ന് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ നിന്ന് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1,337 വ്യാജ നോട്ടുകൾ കൂടി കണ്ടെത്തി. വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, ലാപ്ടോപ്പ്, പ്രിന്റർ, ഫോട്ടോകോപ്പിയർ, ലാമിനേറ്റർ, കട്ടിങ് മെഷീൻ, ഹോളോഗ്രാമുകൾ എന്നിവയും പിടിച്ചെടുത്തു. വ്യാജ നോട്ടുകൾ യഥാർഥ 500 രൂപ നോട്ടുകളോട് സാമ്യമുള്ള രീതിയിൽ നിർമിക്കുന്നതിനായി സംഘം ആറുമാസത്തോളം പരീക്ഷണം നടത്തിയെന്നാണ് റിപ്പോർട്ട്. ആവശ്യമായ പേപ്പറും മഷിയും മറ്റ് ഉപകരണങ്ങളും ശേഖരിച്ചായിരുന്നു അച്ചടി. പിന്നീട് തമിഴ്നാട്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നോട്ടുകൾ പ്രചരിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.