മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) നടത്തിയ പ്രതിഷേധത്തിൽ ഡൽഹിയിൽ 700ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി, ആം ആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള നേതാക്കളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.

ഗ്യാനേഷ് കുമാറിൻ്റെ രാജിക്ക് പുറമേ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടി നിർത്തിവയ്ക്കുക, ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക, വിഷയത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. കോൺഗ്രസ്, ഇടത് സംഘടനകൾ, വിദ്യാർഥി സംഘടനകൾ എന്നിവയും സമരത്തിൽ പങ്കെടുത്തു.

പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നതിനാൽ ന്യൂഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയതായാണ് വിവരം.

അതേസമയം, ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിലെ ശിവാജി പാർക്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടന്നു. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ദേശീയപതാകകളും പ്ലക്കാർഡുകളുമായി ആയിരക്കണക്കിന് പേർ സ്ഥലത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നടന്മാരായ നസറുദ്ദീൻ ഷാ, ഷബാന ആസ്മി, സംഗീതസംവിധായകൻ വിശാൽ ദദാനി എന്നിവരും പങ്കെടുത്തു. ജനാധിപത്യം സംരക്ഷിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു റാലി.

വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷവും വിവിധ സംഘടനകളും പ്രതിഷേധത്തിന് കാരണമായി ഉന്നയിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്. കമ്മീഷൻ അംഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

ജയ്പൂരിലും അഹമ്മദാബാദിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു. എസ്.ഐ.ആർ നടപടിയിൽ കൂടുതൽ സുതാര്യത ആവശ്യപ്പെട്ട് ജയ്പൂരിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ രംഗത്തെത്തി. അഹമ്മദാബാദിൽ ഗുജറാത്ത് സർവകലാശാലയ്ക്ക് മുന്നിലും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറി.

Related Posts