മൗവ്വഞ്ചേരി മഹൽ ബാംഗ്ലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക പ്രഥമ സാമൂഹിക നീതി പുരസ്കാരം ബാംഗ്ലൂരിലെ പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വക്കറ്റ്‌ പി ഉസ്മാന്. സാമൂഹിക പ്രശ്‌നങ്ങളിൽ പ്രതിബദ്ധതയോടെ ഇടപെട്ട് നീതിക്കായ് നടത്തിയ പോരാട്ടങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. നാളെ (ഒക്ടോബർ 3) മൈസൂർ റോഡിലെ എം എം എ കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൗവ്വഞ്ചേരി മഹൽ സംഗമത്തിൽ വെച്ച്‌ അദ്ദേഹത്തിന് പുരസ്‌കാരം നൽകും.

ബാംഗ്ലൂരിൽ ജോലി, കച്ചവടം, ഉപരിപഠനം എന്നിവക്കായി എത്തിയ മുഴുവൻ മൗവ്വഞ്ചേരി മഹൽനിവാസികളേയും കുടുംബസമേതം ഏകോപിപ്പിച്ച്‌ നടത്തുന്ന സംഗമമാണ് മൗവ്വഞ്ചേരി മഹൽ സംഗമം. ഈ സംഗമത്തിൽ മുൻകൂട്ടി റജിസ്ട്രേഷൻ ചെയ്തവർക്ക്‌ മാത്രമാണ് പ്രവേശനം ഉണ്ടാവുക.

റജിസ്ട്രേഷൻ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച്‌ 25 ന് അവസാനിച്ചിരുന്നു. ഏകദേശം ഇരുന്നൂറ്റി അമ്പതോളം പേർ ഇതിന്നകം റജിസ്റ്റ്രർ ചെയ്ത്‌ കഴിഞ്ഞതായി ശാഖാ പ്രസിഡണ്ട് വി സി അബ്ദുൽ കരീം ഹാജി അറിയിച്ചു. സംഗമത്തിൽ ഇസ്ലാമിക കലാമത്സരങ്ങളും വിജയികൾക്ക്‌ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌. ചടങ്ങിൽ മഹല്ല് നിവാസികളായ പൂർവ്വകാലങ്ങളിൽ ബാംഗ്ളൂരിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച എഴുപത്‌ വയസ്സിൻ മുകളിലുള്ള അഞ്ച്‌ വ്യക്തികളെയും പ്രഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തിറങ്ങിയ യുവതലമുറക്കാരെയും ആദരിക്കുന്ന ചടങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്‌. സംഗമം ശനിയായ്ച രണ്ട്‌ മണിക്ക്‌ ആരംഭിച്ച് രാത്രി പത്ത്‌ മണിക്ക്‌ അവസാനിക്കും.

സംഗമത്തിൻ്റെ നിയന്ത്രണത്തിന്നായി പി എം മുഹമ്മദ്‌ ബാവലി, സുബൈർ കായക്കോടി, മുഹമ്മദ്‌ സിറാജ്‌ ഹുദവി എന്നിവരെ യോഗം തിരഞ്ഞെടുത്തു. യോഗത്തിൽ ടി സി സിറാജ്‌ , കെ കെ സലീം, വി സി മുനീർ , ടി സി സാലി ,കെ കെ ഷമീം, ടി സി ശബീർ, ഫസലുറഹ്‌മാൻ, ടി സി മുനീർ, നസീർ പി, കെ സി അശ്റഫ്‌ എന്നിവർ സംസാരിച്ചു.

Related Posts