കർണാടകയിലെ നഗരഭാവിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19കാരനായ ഒന്നാം വർഷ ബി.കോം വിദ്യാർഥി കുത്തേറ്റു മരിച്ചു. സ്വകാര്യ കോളജ് വിദ്യാർഥിയായ യോഗേഷാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.
ക്ലാസിൽ ഇരിക്കുകയായിരുന്ന യോഗേഷിനെ സുഹൃത്തുക്കളിലൊരാൾ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യോഗേഷിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. നാലോ അഞ്ചോ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇതിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
കൊലപാതകത്തിൻ്റെ യഥാർഥ കാരണവും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതികളെ പിടികൂടിയ ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.