ഹരിയാനയിലെ ഫരീദാബാദിൽ കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴൽക്കിണറ്റിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാംദീൻ്റെ മകൾ നേഹയാണ് മരിച്ചത്. പത്ത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന നേഹ കുഴൽക്കിണറ്റിൽ വീണത്. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി കളിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുഴൽക്കിണറിന് ചുറ്റും മണ്ണ് നീക്കം ചെയ്തും മറ്റ് മാർഗങ്ങൾ ഉപയോഗിച്ചുമായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിക്ക് ശ്വാസം ലഭിക്കുന്നതിനായി കുഴൽക്കിണറ്റിനുള്ളിലേക്ക് ഓക്സിജനും എത്തിച്ചു. ദീർഘനേരത്തെ ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴൽക്കിണറാണിതെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ കിണർ മൂടിയിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂടി നഷ്ടപ്പെട്ടിരുന്നതായും അവർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.