പുതിയ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഇനി 14.2 കിലോഗ്രാമിൻ്റെ സിലിണ്ടറിന് പകരം 10 കിലോഗ്രാമിൻ്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
10 കിലോഗ്രാം സിലിണ്ടറിനൊപ്പം റഗുലേറ്റർ ഉൾപ്പെടെയുള്ളവ ലഭിക്കുന്ന പുതിയ കണക്ഷന് 5000 രൂപ വരെ ചെലവാകും. കണക്ഷൻ പിന്നീട് സറണ്ടർ ചെയ്താലും ഈ തുക തിരികെ നൽകില്ലെന്നാണ് ഏജൻസികൾ അറിയിക്കുന്നത്. നേരത്തെ ഗാർഹിക സിലിണ്ടറിൻ്റെ പുതിയ കണക്ഷന് ഏകദേശം 4000 രൂപ വരെ നൽകിയാൽ മതിയായിരുന്നു.
കേരളത്തിൽ സബ്സിഡി സിലിണ്ടർ റീഫിൽ ചെയ്യാൻ നിലവിൽ 960 രൂപ വരെ ചെലവാകുന്നുണ്ട്. പഴയ 14.2 കിലോഗ്രാം സിലിണ്ടറുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ 10 കിലോഗ്രാം സിലിണ്ടറിന് കിലോഗ്രാമിന് രണ്ടിരട്ടിയിലേറെ വില വർധിക്കുന്ന സാഹചര്യമാണ്. സിലിണ്ടറിൻ്റെ വലുപ്പം കുറഞ്ഞതിനാൽ പുതിയ ഉപഭോക്താക്കൾക്ക് ഒരു വർഷം കൂടുതൽ സിലിണ്ടറുകൾ ആവശ്യമായി വരാനും സാധ്യതയുണ്ട്.
അതേസമയം, നിലവിലുള്ള ഗാർഹിക എൽപിജി കണക്ഷനുകൾക്ക് പഴയ വ്യവസ്ഥ പ്രകാരമുള്ള സിലിണ്ടർ തന്നെ തുടർന്നും ലഭിക്കും. നിലവിൽ സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആ ആനുകൂല്യം തുടരാനും അനുമതിയുണ്ട്.