സിഎസ്ഐആർ – നാഷണൽ ഏറോസ്പേസ് ലബോറട്ടറീസ് (CSIR-NAL) ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സമൃദ്ധിയുടേയും സന്ദേശവുമായി വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിഎസ്ഐആർ -എൻ എ എൽ ലെ മലയാളീ സംഘടനയായ കൈരളീ കലാവാണി സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാറ്റാ സയൻസ് ആൻഡ് എഐ യുമായി സഹകരിച്ചാണ് നല്ലോണം-2026 പരിപാടി സംഘടിപ്പിച്ചത്.
കൈരളീ കലാവാണി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി സംഘാടന മികവ്, ജനപങ്കാളിത്തം, അവതരണ മികവ് എന്നിവ കൊണ്ട് ശ്രദ്ധേയമായി. ഓഫീസിൽ മനോഹരമായ അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു.
വിവിധ കായിക മൽസരങ്ങളോടും ഓണക്കളികളോടും കൂടി ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കേരളീയ തനിമ വിളിച്ചോതുന്ന കസവുസാരിയും മുണ്ടും ധരിച്ചാണ് ജീവനക്കാർ ഓഫീസിലെത്തിയത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട കർണാടക ചെറുകിട ജലസേചന, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. അജയ് ധരം സിംഗ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൈരളീ കലാവാണി സംഘടനയുടെ പ്രസിഡണ്ട് ഷിജോ കെ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. സി.എസ്.ഐ.ആർ-എൻ.എ.എൽ (CSIR-NAL) ആക്ടിംഗ് ഡയറക്ടർ ഡോ. ഹരീഷ് സി. ബർഷിലിയ, സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാറ്റാ സയൻസ് ആൻഡ് എഐ പ്രതിനിധി സജനി സുരേന്ദ്രൻ, ഐവൻ നിഗ്ളി എക്സ് എം ൽ എ, കെ പി സി സി സെക്രട്ടറി കേരള റിങ്കു ചെറിയാൻ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ടാതിഥികൾ ഏവർക്കും ഓണാശംസകൾ നേരുകയും സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഗായകർ ആയ ഉസ്താദ് അഷറഫ് ഹൈദ്രോസും നിമിഷ സലീമും അവതരിപ്പിച്ച മനോഹരമായ ഗസൽ സന്ധ്യയും, ഹരിപ്പാട് സുദർശന കലാക്ഷേത്രത്തിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ കേരളനടനം നൃത്താവിഷ്കാരവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരമ്പരാഗത രീതിയിൽ വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു. ദൈനംദിന ജോലിത്തിരക്കുകളിൽ നിന്ന് മാറി, സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദവും ഐക്യവും പുതുക്കാനുള്ള മികച്ചൊരു വേദിയായി ഈ ഓണാഘോഷം മാറി എന്ന് സെക്രട്ടറി വിജീഷ് അറിയിച്ചു.