250 നർത്തകിമാരുടെ മനോഹരമായ മെഗാതിരുവാതിരയോടെയാണ് ദൂരവാണിനഗർ കേരള സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ സമാപന പരിപാടികൾക്ക് തുടക്കമായത്. ചലച്ചിത്രഗാനം, സംഘഗാനം, കവിത ചൊല്ലൽ, തിരുവാതിര, നാടോടിനൃത്തം, ശാസ്ത്രീയ നൃത്തം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവരുടെ കലാപരിപാടികളും സമാപന വേദിയിൽ അരങ്ങേറി. നാല് ഗ്രൂപ്പുകളായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് വനിതാ വിഭാഗവും യുവജന വിഭാഗവും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാജം പ്രവർത്തകരും മുൻ ഭാരവാഹികളും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിക്കുന്ന സമാജം കുടുംബാംഗം ബാലകൃഷ്ണൻ ജയനെ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. സമാജത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന പരേതനായ ബാലകൃഷ്ണൻ്റെയും പത്മിനിയുടെയും മകനായ ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയൻ 1980കളിൽ സമാജത്തിൻ്റെ യുവജന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സമാജം ഒരുക്കിയ ഓണസദ്യയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു. സമാജത്തിൻ്റെ ചരിത്രത്തിലെ റെക്കോർഡ് പങ്കാളിത്തമാണിതെന്ന് സംഘാടകർ അറിയിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കേരള വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കെ.ആർ.പുരം എംഎൽഎ ബി.എ.ബസവരാജ്, കന്നഡ സാഹിത്യകാരൻ നാദോജ ഹംപ നാഗരാജയ്യ, മുൻ വൈസ് ചാൻസലറും നിരൂപകനുമായ ഡോ.രവികുമാർ.കെ.എസ്, നോവലിസ്റ്റും തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഷാജി കുമാർ.പി.വി എന്നിവർ മുഖ്യാതിഥികളായി.
സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ചെയർപേഴ്സൺ ഡോഷി മുത്തു, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
സമാജത്തിൻ്റെ ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (സി.ബി.എസ്.ഇ.), ജൂബിലി പി.യു. കോളേജ് എന്നിവിടങ്ങളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മുഖ്യാതിഥികൾ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. ദൂരവാണി നഗറിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിക്കുള്ള റോളിങ് ട്രോഫിയും ക്യാഷ് അവാർഡും ഉദയനഗർ മഡോണ സ്കൂളിലെ വിദ്യാർഥിനി സ്വന്തമാക്കി.
കോഴിക്കോട് റെഡ് ഐഡിയാസ് ട്രൂപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ലൈവ് മ്യൂസിക് ഷോയോടെയാണ് ഓണാഘോഷം 2026ന് സമാപനമായത്. ഗായകരായ ആര്യ ദയാൽ, ലിബിൻ സ്കറിയ, ചാനൽ താരങ്ങളായ മോനിഷ, ഫരീദ്, ഷനീഫ്, സുജേഷ്, സാക്സഫോൺ താരം കിഷോർ അന്തിക്കാട്, വാട്ടർ ഡ്രം, ഫയർ ഡ്രം പെർഫോർമർ കുക്കു സാമുവൽ എന്നിവരടങ്ങിയ സംഘത്തിൻ്റെ സംഗീതാവതരണം സദസ്സിനെ ആവേശത്തിലാക്കി.
