2023 മുതൽ നടന്നുവരുന്ന കഥകളി വേഷ പഠനക്കളരിയിലെ വിദ്യാർഥികൾ സെപ്റ്റംബർ 26ന് കഥകളി അവതരിപ്പിക്കും. ‘ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സ്’, ‘കൈരളീ കലാ സമിതി’ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 5.30ന് എച്ച്എഎൽ വിമാനപുരയിലെ കൈരളീ നിലയം സ്കൂളിലാണ് കഥകളി അരങ്ങേറുന്നത്.

കഥകളി വേഷ വിഭാഗത്തിലെ പ്രമുഖ വനിതാ കലാകാരിയും ബെംഗളൂരു നിവാസിയുമായ ‘കലാക്ഷേത്രം’ പ്രിയാ നമ്പൂതിരി പഠനക്കളരിക്ക് നേതൃത്വം നൽകുന്നു. കലാമണ്ഡലം സി.ഗോപാലകൃഷ്ണനാണ് ഗുരു. ബെംഗളൂരുവിലെ മലയാളികൾക്കിടയിൽ കഥകളി പഠനക്കളരിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൈരളീ നിലയം സ്കൂളിന് പുറമെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും കഥകളി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.

ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാല് കഥകളിലെ പ്രധാന ഭാഗങ്ങളാണ് വിദ്യാർഥികൾ അവതരിപ്പിക്കുന്നത്. അരുന്ധതി.ടി.എസ്, നിവേദിതാ പണിക്കർ, ധന്യ സുദേവ്, ആകാശ് നരസിപുർ, രതി നായർ, ശ്രീഹരി മനു, കാർത്തിക് ആർ. നായർ, ഡോ. ലീലാ രാമചന്ദ്രൻ, ദൈവിക് ആർ. നായർ, അക്ഷോഭ് എസ്. പണിക്കർ, വിദ്യ പ്രഭ, ഗൗരി പാർവതി പാലശ്ശേരി എന്നിവർ അരങ്ങിലെത്തും.

അഭിജിത് വർമ്മ, നവീൻ രുദ്രൻ എന്നിവർ സംഗീതവും കലാമണ്ഡലം സുഹാസ് ചെണ്ടയും കലാമണ്ഡലം ശ്രീജിത്ത് മദ്ദളവും കൈകാര്യം ചെയ്യും. കേരളത്തിൽ നിന്നെത്തുന്ന മറ്റ് പതിനൊന്നോളം കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.

ബെംഗളൂരു സെൻട്രൽ എം.പി. പി.സി.മോഹൻ മുഖ്യാതിഥിയാകും. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, വിജയ് പ്രസാദ് തുടങ്ങിയ പ്രമുഖർ അതിഥികളായി പങ്കെടുക്കും. കൈരളീ കലാ സമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സ് വൈസ് പ്രസിഡണ്ട് മീനാദാസ് നാരായൺ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 6364909800, 9845439090

Related Posts