കൽക്കാജി മന്ദിറിന് സമീപത്തെ ആസ്ഥ കുഞ്ച് പാർക്കിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഡൽഹിയിലെ പൊതുപാർക്കുകളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) നിർദേശം നൽകി. സൂര്യാസ്തമയത്തിന് ശേഷം ഒന്നിലധികം പ്രവേശന കവാടങ്ങളുള്ള പാർക്കുകളിൽ തിരഞ്ഞെടുത്ത പ്രധാന ഗേറ്റുകളിലൂടെ മാത്രമാകും പ്രവേശനം അനുവദിക്കുക. പ്രധാന കവാടങ്ങളിലും സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിലും അധിക സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും. പാർക്കുകളിലെ ഇരുണ്ട ഭാഗങ്ങൾ കണ്ടെത്തി അടിയന്തരമായി ലൈറ്റുകളും ഫ്ലഡ്ലൈറ്റുകളും സ്ഥാപിക്കും.
ഡൽഹി പോലീസിൻ്റെ സഹകരണത്തോടെ രാത്രികാല ബൈക്ക് പട്രോളിങ്ങും സുരക്ഷാ ജീവനക്കാരുടെ പരിശോധനയും ശക്തമാക്കും. കൂടാതെ, എല്ലാ ഡിഡിഎ പാർക്കുകളിലും ഏഴ് ദിവസത്തിനകം അടിയന്തര ബന്ധപ്പെടൽ നമ്പറുകളും സുരക്ഷാ നിർദേശങ്ങളും ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സുഹൃത്തിനൊപ്പം പാർക്കിലെത്തിയ 17കാരിയെ പോലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം തടഞ്ഞുവച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരുൺജിത് സിങ് സന്ധുവിൻ്റെ നിർദേശപ്രകാരം നഗരത്തിലെ മുഴുവൻ പാർക്കുകളിലും സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്താനും ഉത്തരവിട്ടിട്ടുണ്ട്.