ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി.സതീശനെ വിശദമായി ധരിപ്പിച്ചതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിലെ സർക്കാരിന് ദേവസ്വം ബോർഡിനോട് വിയോജിപ്പില്ലെന്നും തീർഥാടന കാലത്ത് എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിൻ്റെ നടപടികളിൽ മന്ത്രി കെ.മുരളീധരൻ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സർക്കാരും ദേവസ്വം ബോർഡും ഏകോപനത്തോടെ മണ്ഡല-മകരവിളക്ക് സീസൺ വിജയകരമായി നടത്തുമെന്നും ജയകുമാർ പറഞ്ഞു. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാരിനെ അറിയിച്ചായിരിക്കും മുന്നോട്ടുപോകുക. ആശയവിനിമയത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരവണ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി താൽക്കാലികമായിരുന്നുവെന്നും വരാനിരിക്കുന്ന തീർഥാടന സീസണിൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും ജയകുമാർ അറിയിച്ചു. അരവണ പ്രതിസന്ധിയെക്കുറിച്ച് ദേവസ്വം മന്ത്രിയുമായി നേരത്തെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.