ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി രാധ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടി അംബികയും സഹോദരനും. രാധയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഒപ്പിട്ട ചെക്ക് അലക്ഷ്യമായി വീട്ടിൽ ഉപേക്ഷിച്ചുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും അംബിക പറഞ്ഞു.

ഹാൻഡ് ബാഗ് പോലും നമ്പർ ലോക്കിട്ട് സൂക്ഷിക്കുന്ന വ്യക്തിയാണ് രാധയെന്നും അത്തരത്തിലൊരാൾ ഒപ്പിട്ട ചെക്ക് വീട്ടിൽ മറന്നുവച്ചുവെന്നത് വിശ്വസിക്കാനാകില്ലെന്നും അംബിക പ്രതികരിച്ചു. എആർഎസ് ഗാർഡൻ്റെ പേരിൽ മാറ്റം വരുത്തിയ വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

സ്വത്തുക്കളുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നുവെന്ന് അംബിക വ്യക്തമാക്കി. തനിക്ക് അവകാശപ്പെട്ട സ്വർണം സഹോദരി കൈവശം വച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ചോദിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും അംബിക ആരോപിച്ചു. അമ്മയുടെ മരണത്തിന് മുമ്പ് തന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം, ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകൾ അനുമതിയില്ലാതെ കൈക്കലാക്കി ഏകദേശം 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധ നൽകിയ പരാതിയിലെ ആരോപണം.

‘എആർഎസ് ഗാർഡൻസ് സ്റ്റുഡിയോ’ എന്ന പേരിൽ ഉപയോഗിച്ചിരുന്ന ഐഡിബിഐ ബാങ്ക് കറന്റ് അക്കൗണ്ടിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് രാധയുടെ വിശദീകരണം. യാത്രയിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതി, ഗാർഡൻ പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകൾ വീട്ടിൽ സൂക്ഷിച്ചിരുന്നതായും അവർ പറയുന്നു.

2025 ജനുവരിയിൽ ബിസിനസിൻ്റെ പേര് ‘ആർആർ ഗാർഡൻസ്’ എന്നാക്കി മാറ്റിയതോടെ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയും പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തു. പിന്നീട് പഴയ ചെക്കുകളുടെ വിവരം ശ്രദ്ധയിൽപ്പെട്ടില്ലെന്നും രാധ പറയുന്നു. സെപ്റ്റംബർ 17ന് പഴയ ചെക്കുകളിൽ അഞ്ചെണ്ണം അംബികയുടെ പേരിൽ പണമാക്കാൻ ഹാജരാക്കിയെന്ന ബാങ്ക് സന്ദേശം ലഭിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.

Related Posts