ദൂരവാണിനഗർ കേരള സമാജത്തിൻ്റെ (രജി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ സമാപന സമ്മേളനമായ ‘ഗ്രാൻഡ് ഫിനാലെ’ ഇന്ന് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ സി.ബി.എസ്.ഇ ക്യാമ്പസിൽ വെച്ച് നടക്കും. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ഉദ്ഘാടന ചടങ്ങും, തുടർന്ന് 250 നർത്തകർ അണിനിരക്കുന്ന മെഗാ തിരുവാതിരയും അരങ്ങേറും.

വിവിധ മത്സരങ്ങളിലെ വിജയികൾ, ജൂബിലി സ്കൂൾ, ജൂബിലി പി.യു കോളേജ് വിദ്യാർത്ഥികൾ, യൂത്ത് വിങ്, ലേഡീസ് വിങ് എന്നിവരുടെ വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടാകും. ഉച്ചയ്ക്ക് 12.00 മുതൽ 2.30 വരെ വിപുലമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.00 മണിക്ക് സമ്മാനദാനവും, 3.00 മണിക്ക് പൊതുസമ്മേളനവും നടക്കും. കേരള വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കെ.ആർ പുരം എം.എൽ.എ ബി.എ. ബസവരാജ്, പ്രമുഖ കന്നഡ എഴുത്തുകാരനും ചിന്തകനുമായ ഡോ.ഹംപ നാഗരാജയ്യ, സാഹിത്യ നിരൂപകൻ ഡോ.കെ.എസ്.രവികുമാർ, പ്രശസ്ത സാഹിത്യകാരൻ പി.വി ഷാജി കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വൈകുന്നേരം 6.30-ന് പ്രശസ്ത പിന്നണി ഗായകരായ ആര്യ ദയാൽ, ലിബിൻ സ്കറിയ, ചാനൽ സ്റ്റാറുകളായ മോനിഷ, ഫരീദ്, ഷെരീഫ്, സുജേഷ് എന്നിവർ അണിനിരക്കുന്ന മെഗാ ഓർക്കസ്ട്ര, കിഷോർ അന്തിക്കാടിൻ്റെ സാക്സഫോൺ ഫ്യൂഷൻ, സാമുവൽ കുക്കുവിൻ്റെ വാട്ടർ ആൻഡ് ഫയർ ഡ്രം പെർഫോമൻസ് എന്നിവയും ഉണ്ടാകും. പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Posts