സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വൻ തീപിടിത്തവും കനത്ത പുകയും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദം കേട്ടതിന് പിന്നാലെയാണ് വിമാനത്താവളത്തിന് സമീപം തീയും കറുത്ത പുകയും ഉയർന്നത്.

വിമാനത്താവളത്തിലെ ഇന്ധന സംഭരണ മേഖലയ്ക്ക് സമീപമാണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വിമാനത്താവളത്തിന് സമീപത്തെ സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഇന്ധന ടാങ്കിനും തീപിടിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലെ ചില സർവീസുകളെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിൻ്റെ കൃത്യമായ കാരണം സംബന്ധിച്ച് സൗദി അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

യെമനിലെ ഹൂതി ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ സൗദി സിവിൽ ഡിഫൻസ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് റിയാദിലും അൽ ഖർജിലും നൽകിയ മുന്നറിയിപ്പ് പിൻവലിച്ച് ‘ഓൾ ക്ലിയർ’ പ്രഖ്യാപിക്കുകയും ചെയ്തു.

Related Posts