സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്ക് തമിഴ്നാട് സർക്കാർ തുടക്കമിടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സെപ്റ്റംബർ 28ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ടിവികെ സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പദ്ധതിയാണിത്.
ജൂൺ 22 മുതൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങൾ സർക്കാർ ഇതിനോടകം വാങ്ങിയിട്ടുണ്ട്. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കും. സുരക്ഷിതമായ പാക്കിംഗിലാണ് മോതിരങ്ങൾ വിതരണം ചെയ്യുക.
സംസ്ഥാനത്തുടനീളം 107 കേന്ദ്രങ്ങൾ വഴിയാണ് മോതിര വിതരണം ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ അർഹരായ കുഞ്ഞുങ്ങൾക്ക് മോതിരം കൈമാറും. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ, ആർ.സി.എച്ച് തിരിച്ചറിയൽ നമ്പറോടെ പി.ഐ.സി.എം.ഇയിൽ രജിസ്റ്റർ ചെയ്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഏകദേശം 755 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ സുരക്ഷിത പ്രസവം പ്രോത്സാഹിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുക, നവജാത ശിശുവിന് മാതൃസഹോദരൻ സ്വർണം സമ്മാനിക്കുന്ന തമിഴ് പാരമ്പര്യം നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, ഒക്ടോബർ ആറിന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ പദ്ധതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ ഈ രണ്ട് മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയത്. സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന് മാത്രമാണ് ഇവിടെ സംസ്ഥാന സർക്കാരിന് അനുമതി ലഭിച്ചിട്ടുള്ളത്.
തമിഴ്നാട്ടിൽ പ്രതിവർഷം ഏകദേശം 7.8 ലക്ഷം ജനനങ്ങളാണ് നടക്കുന്നത്. ഇതിൽ 99.9 ശതമാനവും ആശുപത്രികളിലാണ്. ഏകദേശം 4.2 ലക്ഷം പ്രസവങ്ങൾ സർക്കാർ ആശുപത്രികളിലാണ് നടക്കുന്നതെന്നാണ് സർക്കാർ കണക്ക്. പദ്ധതിയുടെ പ്രഖ്യാപനം ഒക്ടോബർ ആറിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വരുന്നതെന്നതിനാൽ ഇതിന് രാഷ്ട്രീയ പ്രാധാന്യവും ലഭിച്ചിട്ടുണ്ട്.