യെലഹങ്ക വിനായക നഗറിൽ 13കാരനെ അയൽവാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് പിന്നാലെ മൃതദേഹം കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാസ്കർ റെഡ്ഡി പിടിയിലായത്.
കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കാറിൻ്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് പ്രജ്വലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാസ്കർ റെഡ്ഡിക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ചിക്കജാല പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.