വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിൻ്റെ ഓണാഘോഷം ‘ആർപ്പോ ഇർറോ 2026’ ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഹാളിൽവച്ച് ആഘോഷപൂർവ്വം നടന്നു. സംരഭകയും, ലോകപ്രശസ്തമായ ചേക്കുട്ടിപ്പാവയുടെയും, അമ്മൂമ്മത്തിരിയുടെയും ഡിസൈനറായ ലക്ഷ്മി എൻ മേനോനും ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA) യുടെ ബാംഗ്ളൂർ ചെയർപേഴ്സൺ ലത നമ്പൂതിരിയും മുഖ്യാതിഥികളായിരുന്നു.
പുറംകേരളം വർഷം മുഴുവൻ ഓണമാഘോഷിക്കുന്നുവെന്നും ഗൃഹാതുര സ്മൃതികളുടെ പ്രകാശവും, സമത്വബോധവുമാണ് ഓണാഘോഷങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് എന്നും വിശിഷ്ടാതിഥികൾ പറഞ്ഞു. മനസ്സിലെ നന്മയുടെ വെളിച്ചം സൂക്ഷിക്കുന്നവർക്ക് എന്നും ഓണമാണെന്ന സന്ദേശമാണ് WMF ബിസിനസ്സ് ക്ളബ് ഇൻ്റർനാഷണൽ പ്രസിഡണ്ട് റെജിൻ ചേലപ്പുറം ഓണാഘോഷത്തിനേകിയത്. ജീവനജ്യോതിയിലെ കുട്ടികളെ പങ്കെടുപ്പിച്ച ഓണാഘോഷത്തിൽ കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ, സിനിമ പിന്നണി ഗായകൻ ജയചന്ദ്രൻ & ഗ്രൂപ്പിൻ്റെ ഗാനമേള എന്നിവ അരങ്ങേറി.
ഓണം സാംസ്കാരികാഘോഷത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ്റെ അന്താരാഷ്ട്ര, ദേശീയ നേതൃത്വത്തുള്ള റെജിൻ ചേലപ്പുറം, ഫ്രാൻസ് മുണ്ടാടൻ, ഡിൻ്റോ ജോസഫ്, സജ്ജൻ, സൗമ്യ ജഗന്നാഥൻ, പത്മരാജ്, വല്ലി ജോസ്, സിന്ധു ഗാഥ, സജിനി എന്നിവരും ബാംഗ്ളൂർ കൗൺസിലിലെ ജോസുകുട്ടി, ഹരിഹരൻ, കെപി ഉണ്ണി, അരുൺ എസ്, കൃഷ്ണപ്രതീഷ്, ശോഭാ ബാബു, പ്രദീപ് എന്നിവരും പങ്കെടുത്തു. സെക്രട്ടറി ഡോ. കെ.കെ സുധ സ്വാഗതവും, പ്രസിഡണ്ട് രമാ പ്രസന്ന പിഷാരടി നന്ദി പ്രകാശനവും നിർവ്വഹിച്ചു. സാംസ്കാരിക ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളും സഹൃദയലോകവും പരിപാടിയിൽ പങ്കെടുത്തു.
