ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ‘വൻ ഓഫർ’, ‘മെഗാ ഡിസ്കൗണ്ട്’ തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വിലക്കുറവ് കൂടുതൽ സുതാര്യമാക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം.

പുതിയ വ്യവസ്ഥകൾ പ്രകാരം ഒരു ഉൽപന്നത്തിന് വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ പുതിയ വിലയ്‌ക്കൊപ്പം മുൻവിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. ഓഫർ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടെ ആ ഉൽപന്നത്തിന് ഈടാക്കിയതിൽ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുൻവിലയായി കണക്കാക്കുക. ഇതിലൂടെ ആദ്യം വില ഉയർത്തി പിന്നീട് വലിയ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്ന രീതികൾ തടയുകയാണ് ലക്ഷ്യം.

2027 ജനുവരി 1 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കൊമേഴ്‌സ്) റൂൾസ്, 2020 ഭേദഗതി ചെയ്താണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്.

ഉപഭോക്താക്കൾ ഓൺലൈനിൽ ഉൽപന്നങ്ങൾ തിരയുമ്പോൾ ലഭിക്കുന്ന സെർച്ച് റിസൾട്ടുകളിലും നിയന്ത്രണം ശക്തമാക്കും. ഉപഭോക്താവ് തിരയുന്ന ഉൽപന്നവുമായി ബന്ധമില്ലാത്ത സാധനങ്ങൾ പണമടച്ചുള്ള പ്രമോഷൻ വഴിയോ മറ്റ് രീതികളിലൂടെയോ മുൻനിരയിൽ എത്തിക്കുന്ന രീതികൾക്ക് നിയന്ത്രണമുണ്ടാകും. സ്പോൺസർ ചെയ്തതോ പണമടച്ച് പ്രമോട്ട് ചെയ്യുന്നതോ ആയ ഉൽപന്നങ്ങളാണെങ്കിൽ അത് വ്യക്തമായി രേഖപ്പെടുത്തണമെന്നും പുതിയ ചട്ടങ്ങളിൽ നിർദേശമുണ്ട്.

ഉപഭോക്താക്കളെ തീരുമാനമെടുക്കുന്നതിൽ നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേണുകൾക്കും’ കൂടുതൽ നിയന്ത്രണമുണ്ടാകും. മറഞ്ഞിരിക്കുന്ന ഫീസ്, അനാവശ്യ ഓപ്ഷനുകൾ, ഉപഭോക്താവിന്റെ സമ്മതമില്ലാത്ത സേവനങ്ങൾ തുടങ്ങിയ രീതികൾക്ക് കടിഞ്ഞാണിടുകയാണ് ലക്ഷ്യം.

ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തവും വർധിക്കും. ഉപഭോക്താവിൻ്റെ വ്യക്തമായ സമ്മതമില്ലാതെ നിശ്ചിത ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഇ-കൊമേഴ്‌സ് സേവനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് സേവനങ്ങളുടെ ഫീസ് കൂട്ടിച്ചേർത്ത് ഒറ്റത്തുകയായി ഈടാക്കുന്ന രീതിക്കും നിയന്ത്രണം ഏർപ്പെടുത്തും.

കൂടാതെ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വർഷത്തിൽ ഒരിക്കൽ സ്വയം പരിശോധന നടത്തുകയും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയും വേണം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും.

ഓൺലൈൻ ഷോപ്പിംഗ് വ്യാപകമാകുന്ന സാഹചര്യത്തിൽ വില, ഡിസ്കൗണ്ട്, സെർച്ച് റാങ്കിംഗ്, സ്പോൺസർഡ് പരസ്യങ്ങൾ എന്നിവയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് കേന്ദ്രത്തിൻ്റെ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം.

Related Posts