ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ. സെപ്റ്റംബർ ഏഴിന് 20,06,353 ടിക്കറ്റുകളാണ് ഐആർസിടിസി വഴി ബുക്ക് ചെയ്തത്. റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസത്തെ ടിക്കറ്റ് ബുക്കിങ് 20 ലക്ഷം കടക്കുന്നത്.
അടുത്ത ദിവസവും ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡ് തുടർന്നു. സെപ്റ്റംബർ എട്ടിന് 19,50,699 ടിക്കറ്റുകൾ ബുക്ക് ചെയ്തു. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ബുക്കിങ്ങായ 18,40,203 ടിക്കറ്റുകളെ അപേക്ഷിച്ച് ഇത്തവണ ഏകദേശം ആറ് ശതമാനം വർധനവാണുണ്ടായത്.
ആകെ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ 89 ശതമാനവും ഓൺലൈനായാണ് ബുക്ക് ചെയ്തതെന്ന് ഐആർസിടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ സെർവറുകൾ സജ്ജമാക്കിയതായും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന്റെ ശേഷി ഇരട്ടിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
വിവിധ ക്ലാസുകളിലെ സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ പരിശോധിക്കാൻ കഴിയുന്ന പുതിയ വെബ്സൈറ്റും യൂസർ ഇന്റർഫേസും ഐആർസിടിസി ജൂലൈ 15ന് അവതരിപ്പിച്ചിരുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലെ ബോട്ടുകളെയും തട്ടിപ്പുകളെയും തടയുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ഏർപ്പെടുത്തിയ ആന്റി-ബോട്ട് സംവിധാനം സംശയാസ്പദമായ ബോട്ട് ട്രാഫിക് 55 മുതൽ 65 ശതമാനം വരെ കുറച്ചതായും ഐആർസിടിസി അറിയിച്ചു.