ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ എക്സ് പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് രംഗ എന്നിവരുടെ ഭാഗത്തുനിന്ന് വസ്തുതകൾ പരിശോധിക്കാതെ ഗൗരവ് ഭാട്ടിയയ്‌ക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു.

സെപ്റ്റംബർ അഞ്ചിന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങൾ അദ്ദേഹത്തിൻ്റെതായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. എഐ ഉപയോഗിച്ച് തയ്യാറാക്കിയ പോസ്റ്റിൽ ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജ പ്രസ്താവന പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.

ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയത്. ഇതിനകം ഒരു പോസ്റ്റ് നീക്കം ചെയ്തതായി സിജെപി നേതാക്കൾ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ നീക്കം ചെയ്യാൻ തയ്യാറാണോ എന്ന് പരിശോധിച്ച് അറിയിക്കാനും കോടതി നിർദേശിച്ചു.

Related Posts