കർണാടകയിലെ മൈസൂരുവിൽ അധ്യാപകൻ്റെ മർദനമേറ്റ് 16കാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിലെ വിദ്യാർഥിയെ ഇതേ സ്കൂളിലെ അധ്യാപകനായ സുരേഷ് മർദിച്ചതായാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മർദനവിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽനിന്ന് ടി.സി നൽകി പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.