യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു–മംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണയോട്ടം ഇന്ന് നടക്കും. 16 കോച്ചുകളുള്ള ട്രെയിൻ യശ്വന്തപുരയിൽ നിന്ന് മംഗളൂരു സെൻട്രൽ വരെയാണ് പരീക്ഷണയോട്ടം നടത്തുന്നത്. യശ്വന്തപുരയിൽ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.25ന് മംഗളൂരു സെൻട്രലിൽ എത്തും. 363 കിലോമീറ്റർ ദൂരം 8 മണിക്കൂർ 20 മിനിറ്റിലാണ് പരീക്ഷണയോട്ടത്തിൽ ട്രെയിൻ പിന്നിടുക. മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 3ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന് യശ്വന്തപുരയിൽ എത്തിച്ചേരും.

പരീക്ഷണയോട്ടത്തിൻ്റെ ഭാഗമായി ഹാസൻ, സക്ലേശ്‌പുര, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് വീതം ട്രെയിൻ നിർത്തും. സർവീസ് ആരംഭിക്കുമ്പോഴും ഈ സ്റ്റോപ്പുകൾ തുടരുമെന്നാണ് സൂചന. എന്നാൽ പരീക്ഷണയോട്ടത്തിലെ സമയക്രമം തന്നെയായിരിക്കുമോ സ്ഥിരം സർവീസിലും പിന്തുടരുക എന്നത് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരു–മംഗളൂരു റൂട്ടിലെ നിർണായകമായ സക്ലേശ്‌പുര–സുബ്രഹ്മണ്യ റോഡ് ചുരം പാതയിലെ പരീക്ഷണയോട്ടം കഴിഞ്ഞ മാസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഏകദേശം 55 കിലോമീറ്റർ വരുന്ന ചെരിവേറിയ പാതയിൽ 57 തുരങ്കങ്ങളും 250 പാലങ്ങളും 108 വളവുകളുമുണ്ട്. ഈ ഭാഗത്തെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിങ് (AEB) സംവിധാനം ഘടിപ്പിച്ച ട്രെയിനാണ് പരീക്ഷണയോട്ടത്തിൽ ഉപയോഗിക്കുന്നത്.

Related Posts