ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജിഎസ്എൽവി എഫ്-17 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55നാണ് രണ്ടാം വിക്ഷേപണത്തറയിൽനിന്ന് റോക്കറ്റ് കുതിച്ചുയർന്നത്. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 ആണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം വിജയിച്ചതോടെ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ഐഎസ്ആർഒ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ഏകദേശം 420.5 ടൺ ഭാരമുള്ള 52 മീറ്റർ ഉയരമുള്ള ജിഎസ്എൽവി റോക്കറ്റിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ് റോക്കറ്റിൻ്റെ പ്രധാന സവിശേഷത. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹത്തിന് പത്ത് വർഷത്തെ പ്രവർത്തന കാലാവധിയാണ് ലക്ഷ്യമിടുന്നത്. ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഈ ഉപഗ്രഹം രാജ്യത്തിൻ്റെ തുടർച്ചയായ ഭൗമനിരീക്ഷണ ശേഷി വർധിപ്പിക്കും.

കൊടുങ്കാറ്റ്, പ്രളയം, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിരീക്ഷണത്തിനും കാലാവസ്ഥാ വിശകലനത്തിനും കാർഷിക, വനാതിർത്തി മേഖലകളുടെ നിരീക്ഷണത്തിനും ഉപഗ്രഹം നിർണായകമാകും. താഴ്ന്ന ഭ്രമണപഥത്തിലുള്ള സാധാരണ ഉപഗ്രഹങ്ങളിൽ നിന്ന് ഇടവിട്ടാണ് ഒരേ പ്രദേശത്തിൻ്റെ ചിത്രങ്ങൾ ലഭിക്കുന്നത്. എന്നാൽ ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഇഒഎസ്-05ന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് ജിഎസ്എൽവി റോക്കറ്റിൻ്റെ 19-ാമത്തെ ദൗത്യമാണ്. തുടക്കകാലത്തെ ചില പരാജയങ്ങൾ കാരണം ‘നോട്ടി ബോയ്’ എന്ന വിളിപ്പേര് ലഭിച്ച ജിഎസ്എൽവി പിന്നീട് തുടർച്ചയായ വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനങ്ങളിലൊന്നായി മാറുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികളെ മറികടന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് പഴയ കരുത്ത് വീണ്ടെടുക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങൾക്ക് ജിഎസ്എൽവി എഫ്-17ൻ്റെ വിജയം വലിയ ഉണർവാണ് നൽകുന്നത്.

Related Posts