ബെംഗളൂരുവിലെ രൂക്ഷമായ പാർക്കിങ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി കർണാടക സർക്കാർ. ഒഴിഞ്ഞ സ്ഥലങ്ങൾ മൾട്ടി ലെവൽ കാർ പാർക്കിങ് (MLCP) അല്ലെങ്കിൽ മെക്കനൈസ്ഡ് പാർക്കിങ് സൗകര്യങ്ങളാക്കി മാറ്റുന്ന ഉടമകൾക്ക് പ്രോപ്പർട്ടി ടാക്സിലും സർവീസ് ചാർജിലും 100 ശതമാനം ഇളവ് നൽകാനാണ് കരട് പാർക്കിങ് ചട്ടങ്ങളിലെ നിർദേശം.
അതേസമയം, സാധാരണ ഗ്രൗണ്ട് ലെവൽ പാർക്കിങ്ങിനായി ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗിക്കുന്നവർക്ക് 50 ശതമാനം പ്രോപ്പർട്ടി ടാക്സ് ഇളവും നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ അനധികൃതവും ക്രമരഹിതവുമായ പാർക്കിങ് കുറച്ച് കൂടുതൽ ഓഫ്-സ്ട്രീറ്റ് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
പുതിയ കരട് ചട്ടങ്ങളിൽ തിരക്കേറിയ പ്രധാന റോഡുകളിൽ ഓൺ-സ്ട്രീറ്റ് പാർക്കിങ് നിരോധിക്കുന്നതും, പാർക്കിങ് നിരക്കുകൾ ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. കരടിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ നിർദേശങ്ങളും എതിർപ്പുകളും സെപ്റ്റംബർ 10 വരെ സമർപ്പിക്കാം.