ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി.എസ്. പ്രശാന്തിന് ജാമ്യം. ആരോഗ്യനില പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനം പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 23നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2025ൽ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

2019ൽ നടന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിനായി ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന് പങ്കുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ അജികുമാറിന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കൊള്ള കേസിന് പുറമെ ശബരിമല നെയ്യ് ക്രമക്കേട് കേസിലും പ്രശാന്തും അജികുമാറും പ്രതികളാണ്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡറിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Posts