കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ ഇസ്കോൺ ക്ഷേത്രത്തിലേക്ക് സെപ്റ്റംബർ 3, 4 തീയതികളിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മല്ലേശ്വരം ട്രാഫിക് പൊലീസ് പരിധിയിലെ വെസ്റ്റ് ഓഫ് കോർഡ് റോഡ്, ഇസ്കോൺ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പ്രധാന നിയന്ത്രണങ്ങളും വാഹന തിരിച്ചുവിടലുകളും.

പ്രധാന ഗതാഗത ക്രമീകരണങ്ങൾ:

കെ എസ് ആർ ടി സി, ബി എം ടി സി, സ്വകാര്യ ബസുകൾ, ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ, ഹെവി ഗൂഡ്‌സ് വെഹിക്കിൾ, ത്രീ വീലർ വാഹനങ്ങൾ സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് വിജയനഗർ, നന്ദിനി ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട് ഭാഗത്തേക്ക് പോകുമ്പോൾ വെസ്റ്റ് ഓഫ് കോർഡ് റോഡ് വഴി സഞ്ചരിക്കണം. തുടർന്ന് 10-ാം ക്രോസ്, കേതാമരനഹള്ളി ജംഗ്ഷൻ വഴി ചോർഡ് റോഡിൽ പ്രവേശിച്ച് രാജാജിനഗർ ഒന്നാം ബ്ലോക്ക് സിഗ്നലിൽ ചേരണം.

മജസ്റ്റിക്കിലേക്ക് പോകുന്ന KSRTC, സ്വകാര്യ ബസുകൾ, HGV വാഹനങ്ങൾ തുമകുരു റോഡ് ഒഴിവാക്കി യശ്വന്ത്പുര ഫ്ലൈഓവർ–സർക്കിൾ മാരമ്മ–മാർഗോസ റോഡ്–കെ സി ജി ആശുപത്രി ജംഗ്ഷൻ വഴി ലിങ്ക് റോഡിലേക്ക് പോകണം.

ബി എം ടി സി, ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾ സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് മല്ലേശ്വരം, മജസ്റ്റിക് ഭാഗത്തേക്ക് ഡോ. രാജ്കുമാർ റോഡ് വഴി നവരംഗ് ഭാഗത്തേക്ക് പോകണം.

ഓല, യൂബർ വാഹനങ്ങളിൽ എത്തുന്ന ഭക്തർ സോപ്പ് ഫാക്ടറിയിൽ നിന്ന് ഡോ. രാജ്കുമാർ റോഡ് വഴി 10-ാം ക്രോസ്/കേതാമരനഹള്ളി ജംഗ്ഷനിൽ എത്തി, ഒന്നാം ബ്ലോക്ക് രാജാജിനഗർ സിഗ്നലിൽ വലത്തോട്ട് തിരിഞ്ഞ് മഹാലക്ഷ്മി എൻട്രൻസ് വഴി ഇസ്കോൺ ക്ഷേത്രത്തിന് എതിർവശത്തെ റോഡ് ഉപയോഗിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ഇസ്കോൺ ക്ഷേത്രത്തിന് മുന്നിലെ വെസ്റ്റ് ഓഫ് കോർഡ് റോഡിൽ സോപ്പ് ഫാക്ടറി ജംഗ്ഷൻ മുതൽ മഹാലക്ഷ്മി മെട്രോ സ്റ്റേഷൻ വരെ വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അനുവദിക്കില്ല. ഇസ്കോൺ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ കയറ്റാനും ഇറക്കാനും ഓട്ടോറിക്ഷ, ക്യാബ് ഡ്രൈവർമാർ മഹാലക്ഷ്മി മെട്രോ സ്റ്റേഷൻ, സോപ്പ് ഫാക്ടറി പരിസരം, ഓറിയോൺ മാളിന് എതിർവശം എന്നിവ ഉപയോഗിക്കണം.

ഭക്തർ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചു. സെപ്റ്റംബർ 3, 4 തീയതികളിൽ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്ന് പൊലീസ് അഭ്യർഥിച്ചു.

Related Posts