കേരള സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം–ടൂറിസം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നാളെ തിരുവനന്തപുരത്ത് വർണാഭമായ സമാപന ഘോഷയാത്ര നടക്കും. ചലച്ചിത്ര താരം ആസിഫ് അലിയും ഘോഷയാത്രയിൽ പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപത്തെ വയലാർ പ്രതിമയ്ക്ക് മുന്നിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പാളയത്ത് ഒരുക്കുന്ന പ്രത്യേക പവലിയനിൽ നിന്ന് ഘോഷയാത്ര വീക്ഷിക്കും. വിവിധ കലാരൂപങ്ങളും സാംസ്കാരിക പരിപാടികളും നിശ്ചലദൃശ്യങ്ങളും അണിനിരക്കുന്ന ഘോഷയാത്രയാണ് ഒരുക്കിയിരിക്കുന്നത്.

ഉപരാഷ്ട്രപതിയുടെ സന്ദർശനവും ഘോഷയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Related Posts