തിരുവനന്തപുരം ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാൾക്കെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചേന്തിയിൽ തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. സംഭവത്തിനിടെ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധക്കാരോട് കാര്യം അന്വേഷിച്ചു. “എന്താ പ്രശ്‌നം?” എന്ന് മുഖ്യമന്ത്രി ചോദിച്ചതിന് പിന്നാലെ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സാഹചര്യം നിയന്ത്രിക്കുകയായിരുന്നു.

അതേസമയം, ചേന്തിയിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് ഉറപ്പ് നൽകിയിരുന്നതായി ചേന്തി അനിൽ അവകാശപ്പെട്ടു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് കരുതിയാണ് പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നേരത്തെ ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉള്ളൂരിലെ വിവാഹവീട്ടിൽ എത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായതെന്നാണ് അനിലിൻ്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോൾ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts