സ്വ​ത്ത് കൈ​ക്ക​ലാ​ക്കി മാ​താ​പി​താ​ക്ക​ളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടിൽ നിർദേശിച്ചു. ഇങ്ങനെയുള്ള കേസുകളിൽ സ്വത്ത് കൈമാറ്റങ്ങളും വിൽപത്രങ്ങളും റദ്ദാക്കണം.

പ്രായമായ മാതാപിതാക്കളെ സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതികളിൽ അവരുടെ കുട്ടികൾ ഉപേക്ഷിക്കുന്ന നിരവധി കേസുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ 150 ലധികം കേസുകൾ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനമായ100ലധികം കേസുകൾ സംസ്ഥാനത്തുടനീളമുള്ള മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ഉണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. ബി.എൽ സുജാത റാത്തോഡിനോട് എല്ലാ സ്ഥാപന മേധാവികളെയും ഇതുസംബന്ധിച്ച് വിവരമറിയിക്കാനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് പരാതി നൽകാനും മന്ത്രി നിർദേശിച്ചു.

തങ്ങളുടെ കുട്ടികൾക്കുവേണ്ടി ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ നടത്തുന്ന വിൽപത്രങ്ങളും സ്വത്ത് കൈമാറ്റങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് അനുകൂലമായി നടത്തിയ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ നിയമപരമായ അവകാശമുണ്ട്- മന്ത്രി പറഞ്ഞു.

നിയമത്തിലെ സെക്ഷൻ 23 അനുസരിച്ച് സ്വത്ത് പാരമ്പര്യമായി ലഭിച്ചതിനുശേഷം മക്കൾ മാതാപിതാക്കളെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ വിൽപത്രങ്ങളോ സ്വത്ത് കൈമാറ്റങ്ങളോ റദ്ദാക്കാനും പ്രായമായ മാതാപിതാക്കൾക്ക് ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാനും നിയമം പറയുന്നു. ഉപേക്ഷിക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് നീതി ഉറപ്പാക്കാനും അവരുടെ മക്കളെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരാനും സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രി കുട്ടിച്ചേർത്തു.

Related Posts