പതിറ്റാണ്ടുകളായി കേരളത്തെ കുഴക്കുന്ന സുകുമാരക്കുറുപ്പ് തിരോധാന കേസിൽ പുതിയ വഴിത്തിരിവ്. സുകുമാരക്കുറുപ്പിൻ്റെതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചു.

ദാമോദര മേനോൻ്റെ സഹോദരന്മാരായ കരുണാകരൻ മേനോനും സുരേന്ദ്രൻ മേനോനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിൻ്റെതല്ലെന്നും വർഷങ്ങളായി മലേഷ്യയിൽ കഴിയുന്ന തങ്ങളുടെ സഹോദരൻ ദാമോദര മേനോന്റേതാണെന്നും സുരേന്ദ്രൻ മേനോൻ പറഞ്ഞു.

ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ ജോലിക്കായി മലേഷ്യയിലേക്ക് പോയത്. പിന്നീട് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും കുടുംബത്തോടൊപ്പം മലേഷ്യയിൽ താമസമാക്കുകയും ചെയ്തു. നിലവിൽ മലേഷ്യൻ പൗരത്വമുള്ളയാളാണ് ദാമോദര മേനോനെന്നും കുടുംബം വ്യക്തമാക്കി.

ദാമോദര മേനോൻ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഏകദേശം ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.

അതേസമയം, നിലവിൽ ദാമോദര മേനോൻ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണെന്നും കുടുംബം അറിയിച്ചു. ആരോഗ്യനില മോശമായതിനാൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.

സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പാസ്‌പോർട്ട് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അവകാശവാദം പുറത്തുവന്നിരിക്കുന്നത്. ചിത്രം സുകുമാരക്കുറുപ്പിന്റേതാണോ എന്നതിൽ പൊലീസ് കൂടുതൽ പരിശോധന നടത്തേണ്ടിവരും.

Related Posts