വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ ദൗത്യസംഘം മയക്കുവെടി വെച്ചു. വെറ്ററിനജി സർജൻ അനുരാജും വനപാലകരും ഉൾപ്പെടുന്ന ദൗത്യസംഘം ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ കടുവയെ ലയത്തിനുസമീപത്തെ തേയിലത്തോട്ടത്തിൽ കണ്ടെത്തിയ ശേഷമാണ് മയക്കുവെടി വച്ചത്. കടുവയെ മയങ്ങിയശേഷം കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോകും. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ തിങ്കളാഴ്ച പുലർച്ചെ കടുവ കൊന്നിരുന്നു. ബാലമുരുകൻ്റെ വീട്ടിലെ വളർത്തുനായയെയും അരണക്കൽ സ്വദേശി നാരായണൻ്റെ പശുവിനെയുമാണ് കൊന്നത്.
തോട്ടം തൊഴിലാളികളോട് രാവിലെ ജോലിക്ക് പോകരുതെന്ന് വനപാലകർ നിർദേശിച്ചിരുന്നു. കൂടാതെ, വണ്ടിപ്പെരിയാർ പഞ്ചായത്തിൽ 15-ാം വാർഡിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച ഡ്രോൺ വഴിയുള്ള നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തിയിരുന്നെങ്കിലും വൈകിയതിനാൽ ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഞായറാഴ്ച നിരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാത്രി ആയപ്പോൾ ഞായറാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.