ഇന്ദിരാബാലൻ

കേരളീയരുടെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ഐതിഹ്യത്തിൻ്റെയും, ചരിത്രത്തിൻ്റെയും, ജനകീയ സംസ്‌കാരത്തിൻ്റെയും സമന്വയമായ ഈ ആഘോഷം കാലങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്നാലിന്ന് ഓണം പഴയ രീതിയിലുള്ള ഓണമായി തുടരുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കാലത്തിൻ്റെ മാറ്റങ്ങൾ ഓണത്തെയും മാറ്റിയിരിക്കുന്നു. ഈ മാറ്റങ്ങൾ പുരോഗതിയുടെ അടയാളമാണോ, അതോ മൂല്യങ്ങളുടെ നഷ്ടമാണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

പണ്ടുകാലത്ത് ഓണം ഒരു കുടുംബോത്സവമായിരുന്നു. നാട്ടിൻപുറങ്ങളുടെ കൂട്ടായ്മയും, കുടുംബബന്ധങ്ങളുടെ ഊഷ്മളതയും, കാർഷിക ജീവിതത്തിൻ്റെ സമൃദ്ധിയും ഓണാഘോഷങ്ങളുടെ ഹൃദയമായിരുന്നു. പൂക്കളം ഒരുക്കുന്നതും, ഓണക്കളികളിൽ പങ്കെടുക്കുന്നതും, ഓണസദ്യ ഒരുക്കുന്നതുമെല്ലാം കൂട്ടായ പ്രവർത്തനങ്ങളായിരുന്നു. മനുഷ്യർക്കിടയിലെ സ്നേഹവും, സഹകരണവും പങ്കുവെയ്ക്കലുമായിരുന്നു ഓണത്തിൻ്റെ യഥാർത്ഥ സന്ദേശം.

എന്നാൽ പുതിയ കാലത്തിൻ്റെ ഓണം പലവിധ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ആഗോളവൽക്കരണവും നഗരവൽക്കരണവും സാങ്കേതികവിദ്യയുടെ വളർച്ചയും ഓണാഘോഷങ്ങളുടെ സ്വഭാവം തന്നെ മാറ്റി. പൂക്കളങ്ങൾ പ്രകൃതിയിൽ നിന്നുള്ള പൂക്കളേക്കാൾ കൃത്രിമ അലങ്കാരങ്ങളിലേക്ക് വഴിമാറുന്നു. വീട്ടിൽ പാകം ചെയ്ത സദ്യകൾക്ക് പകരം ഹോട്ടലുകളിലും ഓൺലൈൻ സേവനങ്ങളിലുമുള്ള സദ്യകൾ പ്രചാരത്തിലാകുന്നു. കൂട്ടായ്മയുടെ ഉത്സവം ക്രമേണ ഉപഭോഗസംസ്‌കാരത്തിൻ്റെ പ്രദർശനമായി മാറുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയുടെ കാലത്ത് ഓണം അനുഭവിക്കുന്നതിനേക്കാൾ പ്രദർശിപ്പിക്കുന്ന ഉത്സവമായി മാറുന്ന കാഴ്ചയും കാണാം. പൂക്കളത്തിൻ്റെയും സദ്യയുടെയും ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആഘോഷത്തിൻ്റെ ആത്മാവ് പലപ്പോഴും നഷ്ടമാകുന്നു. “ഓണം ആഘോഷിക്കുക” എന്നതിനു പകരം “ഓണത്തെ കാണിക്കുക” എന്ന മനോഭാവം വളരുന്നതും ശ്രദ്ധേയമാണ്. അതേസമയം പുതിയ കാല ഓണത്തിന് അനുകൂലമായ വശങ്ങളും ഉണ്ട്. ലോകത്തിൻ്റെ ഏത് കോണിലായാലും മലയാളികൾക്ക് ഓണം ആഘോഷിക്കാനും സ്വന്തം സംസ്കാരവുമായി ബന്ധം നിലനിർത്താനും കഴിയുന്നു.

പ്രവാസലോകത്ത് ഓണം മലയാളി സ്വത്വത്തിൻ്റെ അടയാളമായി മാറിയിരിക്കുന്നു. കുടുംബങ്ങൾ വിദൂരത്താണെങ്കിലും സാങ്കേതികവിദ്യയും ആശയവിനിമയ സംവിധാനങ്ങളും മനുഷ്യരെ മാനസികമായി ഒരുമിപ്പിക്കുന്നുണ്ട് എന്നത് സന്തോഷപ്രദമാണ്.

ഇന്നത്തെ ഓണത്തിൻ്റെ ഏറ്റവും വലിയ വെല്ലുവിളി അതിൻ്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുകയെന്നതാണ്. മഹാബലിയുടെ സങ്കൽപ്പം സമത്വത്തിൻ്റെയും നീതിയുടെയും സഹോദര്യത്തിൻ്റെയും പ്രതീകമാണ്. “എല്ലാവരും ഒരുപോലെ ജീവിച്ചിരുന്ന നാട്” എന്ന സ്വപ്നം ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം യാഥാർഥ്യമാകുന്നുവെന്ന ചോദ്യമാണ് ഓണം നമ്മോട് ഉയർത്തുന്നത്. സാമ്പത്തിക അസമത്വങ്ങളും ,സാമൂഹിക വിവേചനങ്ങളും, വർധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഓണത്തിൻ്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്നു.

അതുകൊണ്ട് പുതിയ കാല ഓണം പഴയ ഓണത്തിൻ്റെ രൂപങ്ങളെ പൂർണമായി തിരിച്ചുപിടിക്കണമെന്നില്ല. എന്നാൽ അതിൻ്റെ ആത്മാവായ സ്നേഹവും പങ്കുവെക്കലും സമത്വബോധവും നിലനിർത്തേണ്ടത് അനിവാര്യമാണ്. ആഘോഷങ്ങളുടെ വർണ്ണപ്പകിട്ടിനപ്പുറം മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മൂല്യങ്ങളാണ് ഓണത്തിൻ്റെ യഥാർത്ഥ സൗന്ദര്യം. ആ മൂല്യങ്ങളെ പുതുക്കിപ്പണിയാൻ കഴിയുമ്പോഴാണ് പുതിയ കാല ഓണം യഥാർത്ഥ അർഥത്തിൽ ഒരു നവോത്ഥാന ഉത്സവമാകുന്നത്.

എല്ലാവർക്കും ഓണാശംസകൾ.

Related Posts