Article
0 min read
3.8k

പുതുമയുടെ ഓണം

ഓഗസ്റ്റ്‌ 25, 2026
0
പുതുമയുടെ ഓണം

അർച്ചന സുനിൽ

കാലം കുതിച്ചോടുന്നതിനിടയിൽ ഓണം ഇപ്പോൾ വേരുകളിലേക്കുള്ള മനസ്സിൻ്റെ മടക്കയാത്രയാണ്. മലയാളി സംസ്കാരത്തേയും ഐക്യത്തേയും സമൃദ്ധിയേയും അടയാളപ്പെടുത്തിയ ആ കാലഘട്ടത്തിലേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന പുതുതലമുറയെ എങ്ങും നമുക്കു കാണാം. എങ്കിലും പഴമയിലേക്കെത്താൻ ഒരിക്കലും കഴിയില്ല എന്ന നഗ്നസത്യം ഇന്നത്തെ സോഷ്യൽ മീഡിയയുടെ അഹങ്കാരമായി മാറി കഴിഞ്ഞു.

കൂട്ടുകാരുമൊന്നിച്ചു പൂപറിച്ചു ചാണകം മെഴുകിയ മുറ്റത്തിട്ടിരുന്ന പൂക്കളേക്കാൾ ആസ്വാദകരാണ് സോഷ്യൽ മീഡിയയിലെ വർണ്ണചിത്രങ്ങൾക്ക്. ഓണക്കോടിയുടെ പുതുമയെക്കാൾ അതിൻ്റെ ഫോട്ടോയ്ക്ക് കിട്ടുന്ന പ്രതികരണങ്ങൾക്കാണ് ഏറെ പ്രാധാന്യം. ഒരുമിച്ചു സദ്യ ഉണ്ടാക്കി കഴിച്ചിരുന്ന കുടുംബങ്ങളിലേക്ക് സദ്യ പാർസൽ ആയി എത്തുന്നു. അതും പല നഗരങ്ങളിലായി ചിതറിക്കിടക്കുന്നവർ വീഡിയോ കോളിലൂടെ ആശംസകൾ കൈമാറി, സ്ക്രീനിൻ്റെ ഇരുവശത്തുമായി ഓണം ആഘോഷിക്കുന്നവരും ഏറെയാണ്.
മാവേലിയുടെ കാലത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ ഓർക്കുന്നത് എല്ലാവരും ഒരുപോലെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു നാടിനെയാണ്. അത് ഒരു പുരാണകഥ മാത്രമല്ല; മനുഷ്യൻ ഇന്നും ഉള്ളിൽ സൂക്ഷിക്കുന്ന സമൃദ്ധിയുടെ കാലമാണ്.

മനുഷ്യർ തമ്മിൽ വേർതിരിവുകളില്ലാതെ, സ്നേഹവും സമത്വവും നിറഞ്ഞ് ജീവിച്ചിരുന്ന ഒരു സ്വപ്നത്തിൻ്റെ ഓർമ്മ കൂടിയാണ്. ഓരോ ഓണക്കാലവും ആ പഴയ ഓർമ്മയുടെ വാതിൽ വീണ്ടും തുറക്കുന്നു. പുതുതലമുറയുടെ ഓണത്തെ പഴയതുമായി താരതമ്യം ചെയ്യുന്നത് പ്രസക്തമല്ല, ഓരോ തലമുറയും തങ്ങളുടെ കാലത്തിനനുസരിച്ച് ഓണത്തിന് പുതിയ നിറങ്ങൾ നൽകുകയാണ്. ആ മാറ്റങ്ങൾക്കിടയിലും മാവേലിയുടെ ഓർമ്മയും, പങ്കിടലിൻ്റെ മനസ്സും, മനുഷ്യർ തമ്മിലുള്ള സ്നേഹവും നഷ്ടപ്പെടാതിരിക്കട്ടെ.

വിട്ടുപോയ കാലത്തിൻ്റെ ഗന്ധം പേറി, മനസ്സിനെ പഴയ മുറ്റങ്ങളിലേക്കും മാഞ്ഞുപോയ ഓർമ്മകളിലേക്കും നിശ്ശബ്ദമായി തിരികെ നടത്തിക്കുന്ന കാലമാണ് ഓണം. വേരുകളിൽ നിന്ന് അകന്നുപോകുന്ന മനുഷ്യനെ വീണ്ടും മണ്ണിൻ്റെ ഗന്ധം ഓർമ്മിപ്പിക്കുന്ന ഒരു മൗനസംഗീതമായി, ഓരോ ഹൃദയത്തിലും ഓണം പിറക്കട്ടെ…

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Related Posts