അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹന പരിശോധനയിൽ കണ്ടെത്തുന്ന ഓരോ അനധികൃത മാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കാനാണ് നിർദേശം. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങൾ വാഹന ഉടമകൾ തന്നെ നീക്കം ചെയ്യണമെന്നും, മാറ്റങ്ങൾ നീക്കം ചെയ്ത ശേഷം വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു.

റീൽസുകൾക്കും സോഷ്യൽ മീഡിയ വീഡിയോകൾക്കും വേണ്ടി വാഹനങ്ങളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. വാഹനങ്ങളുടെ രൂപഭംഗി മാറ്റുന്നതിന് പുറമെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾക്കും നടപടിയുണ്ടാകും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അനധികൃത വാഹന രൂപമാറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആർ.ടി.ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ മൂന്നിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണർ പുതിയ നിർദേശം പുറപ്പെടുവിച്ചത്. വാഹനത്തിൽ നടത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

തീവ്രപ്രകാശമുള്ള വിവിധ നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകൾ, റെഡ്-ബ്ലൂ സ്‌ട്രോബ് ലൈറ്റുകൾ, അനധികൃത സൈറൺ, വീൽ സ്‌പേസറുകൾ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമായ മാറ്റങ്ങളുടെ പരിധിയിൽ വരും.

അടൂരിൽ മിന്നൽപ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ജീപ്പിൽ ആറ് അനധികൃത മോഡിഫിക്കേഷനുകൾ കണ്ടെത്തിയിട്ടും ആകെ 5,000 രൂപ മാത്രമാണ് പിഴ ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഓരോ രൂപമാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കണമെന്ന് നിർദേശിച്ചത്.

ഇതോടെ വാഹനങ്ങളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നവർക്കും സോഷ്യൽ മീഡിയ റീൽസിനായി വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നവർക്കും മുന്നറിയിപ്പായി മാറുകയാണ് എംവിഡിയുടെ പുതിയ നടപടി.

Related Posts