ഓർമ്മക്കുറിപ്പ് – ജ്യോൽസ്ന പി എസ്
ജീവിതത്തിൽ മനുഷ്യൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു കാലമുണ്ട്… ബാല്യം, വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാത്ത കാലം.
വേണ്ടപ്പെട്ടവർ ഈ ലോകം വിട്ടുപോകുമ്പോൾ, അവർ മാത്രമല്ല യാത്രയാകുന്നത്, നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും മനോഹരമായ ഒരു ഭാഗവും അവരോടൊപ്പം അകന്നുപോകുന്നു.
പിന്നെയുള്ള ഓണം, വിഷു ഏതൊരു ആഘോഷം വന്നാലും അറിയാതെ വീണ്ടും ആ പഴയ മുറ്റത്തെത്തും, രണ്ടു കവുങ്ങുകൾക്കിടയിൽ കെട്ടി തന്ന ഊഞ്ഞാലിലേക്കും.
പാവുഅമ്മ എൻ്റെ പാവുക്കുട്ടി(അച്ഛമ്മ).
ആ വിളിയിൽ തന്നെ സുരക്ഷിതത്വവും, അതിരില്ലാത്ത സ്നേഹവും ഉണ്ടായിരുന്നു.
ഓണപ്പരീക്ഷ കഴിഞ്ഞു വരുമ്പോഴേക്കും ഊഞ്ഞാൽ തയ്യാർ. പരീക്ഷ കഴിയുന്ന ദിവസം വരെ കാത്തിരിക്കുന്നത് എന്തിനാണ് അറിയാമോ.ഊഞ്ഞാലിലാടി ആടി ഊഞ്ഞാൽ പൊട്ടില്ല എൻ്റെ കൈ പൊട്ടും. ഏത് വെക്കേഷൻ കാലമായാലും എൻ്റെ ഏതെങ്കിലും ഒരു കൈയിൽ പ്ലാസ്റ്റർ ഉണ്ടാവും. ഒന്നെങ്കിൽ ഇടത്തെ കൈ അല്ലെങ്കിൽ വലത്തെ കൈ. എൻ്റെ വേദനയും എൻ്റെ അച്ഛൻ്റെ വെപ്രാളവും അമ്മയുടെ നോട്ടവും ഒക്കെ കാണുമ്പോൾ അച്ഛമ്മ തന്നെ പിന്നെ അയച്ചു മാറ്റാറാണ് പതിവ്.
എൻ്റെ പാവുട്ടിക്ക് നല്ല നീളം ഉണ്ടായിരുന്നു. നല്ല തടിയും. സ്വർണ്ണത്തിൻ്റെ നിറവും ചുരുണ്ട മുടിയും. എന്ത് സുന്ദരിയാണെന്ന് അറിയാമോ.
നല്ല നീളമുള്ളതുകൊണ്ട് ഊഞ്ഞാൽ ഉയരത്തിൽ വെച്ച് കെട്ടിത്തരും. ഓരോ ആട്ടത്തിലും ആകാശം തോടുന്നത് പോലെ തോന്നും. എത്ര ഉയരത്തിൽ ചെന്നാലും ഒരു പിടിത്തം പാവൂട്ടിക്ക് എന്നിൽ ഉണ്ടാവും. പാവൂട്ടി കൂടെ ഇല്ലാത്ത സമയത്താണ് ഞാൻ എപ്പോഴും വീണ് കയ്യൊടിയാറ്. പാവൂട്ടിക്ക് വൈകുന്നേരങ്ങളിൽ കൂട്ടുകാരികളെ കാണാൻ പറമ്പിൻ്റെ തെക്കേ മൂലയ്ക്ക് പോയിരിക്കും. പെണ്ണൂട്ടിയമ്മയേയും ജാനു അമ്മയെയും ഒക്കെ കണ്ടു സംസാരിക്കാൻ ഒരു പോക്ക്. അപ്പോഴാണ് ഞാൻ എൻ്റെ കുസൃതി ഒപ്പിക്കാറ്.
അമ്മ എന്നെ അധികം പുറത്തേക്ക് കളിക്കാൻ വിടാറില്ലായിരുന്നു. അനിയൻ അവൻ്റെ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകും.അതുകൊണ്ടാവാം എൻ്റെ എല്ലാ കുഞ്ഞുസന്തോഷങ്ങൾക്കും കുഞ്ഞുസങ്കടങ്ങൾക്കും കൂട്ടായിരുന്നത് പാവൂട്ടിയായിരുന്നു. മുണ്ടും നേരിയതും മാണ് വസ്ത്രം. കുമാരേട്ടൻ്റെ കടയിൽ പോയി വരുമ്പോൾ എനിക്കും അനിയനും മുട്ടായി കൊണ്ടുവരും. അനിയൻ അച്ഛമ്മയുടെ കയ്യിൽനിന്നും പിടിച്ച് പറിച്ച് ഓടിപ്പോകും. എനിക്കുള്ള മുട്ടായി എവിടെയാണ് ഒളിപ്പിക്കുന്നത് എന്നറിയാമോ. കുഞ്ഞു പൊതിയിലാക്കി കക്ഷത്തിൽ ഒളിപ്പിച്ചിട്ട് വെച്ചിട്ട എനിക്ക് തരാറ്. രാത്രിയിൽ പാവൂട്ടിയുടെ അരികിൽ കിടന്ന് പല കഥകളും കേട്ടാണ് ഞാൻ ഉറങ്ങിയത്. ഇന്നും ആ കഥകളേക്കാൾ മധുരമായി ഒരു താരാട്ടും ഞാൻ കേട്ടിട്ടില്ല.
തിരുവോണനാളിൽ രാവിലെ തന്നെ എൻ്റെ വീട്ടിൽ സദ്യയുടെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കും. എൻ്റെ അച്ഛന് ആദ്യം തന്നെ പാവൂട്ടി ചോറു കൊടുക്കും. ഇതെല്ലാം കാലമാവുമ്പോഴേക്കും എൻ്റെ അച്ഛൻ ഒരു പത്തു തവണ നടന്നു കഴിഞ്ഞിട്ടുണ്ടാവും അടുക്കളയിൽ. പത്തര ആകുമ്പോളേക്കും എൻ്റെ അച്ഛൻ്റെ ഒരു ട്രിപ്പ് സദ്യ കഴിഞ്ഞിട്ടുണ്ടാവും. അച്ഛൻ ഇളയ മകൻ ആയതുകൊണ്ട് ഞങ്ങൾ തറവാട് വീട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്. അച്ഛമ്മയെ കാണാൻ അന്ന് അച്ഛൻ്റെ ചേട്ടന്മാർ ഒക്കെ വരാറുണ്ട്. എല്ലാവർക്കും കണക്കാക്കി അച്ഛമ്മ പായസം ഉണ്ടാക്കി വെക്കും. എൻ്റെ ഗോപാലൻ മൂത്തച്ഛൻ വരുമ്പോഴാണ് എനിക്ക് ഏറ്റവും പ്രിയം. നല്ല തടിയും കുടവയറുമുള്ള മുത്തച്ഛനെ ഞാൻ വീട് ചുറ്റും ഓടിക്കാറുണ്ട്. പാവം എൻ്റെ കൂടെ വീട് ചുറ്റും ഓടുകയും ചെയ്യും.
കാലം മാറി ഞാനും ഒരു അമ്മയായി.
ഓരോ ഓണത്തിനും ഓർമ്മകൾ പോയിക്കൊണ്ടിരിക്കുന്നത് എൻ്റെ പാവൂട്ടിയിലേക്കാണ്.
ജീവിതം മുഴുവൻ നെഞ്ചിലേറ്റി നടക്കാനുള്ള ഓർമ്മകളായിരുന്നു.
പഴയതുപോലെ ആ വീടിൻ്റെ ഉമ്മറപ്പടിയിലിരുന്ന് ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടാവുമെന്ന് മനസ്സ് പറയും. അവർ ഇല്ലെന്ന സത്യം ഹൃദയം ഒരിക്കലും സമ്മതിച്ചു തരികയില്ല.
ഊഞ്ഞാൽ പൊട്ടിപ്പോയി… പാവൂട്ടിയും വിട്ടുപോയി…
പക്ഷേ, എൻ്റെ ബാല്യത്തെ ഇന്നും സൂക്ഷിക്കുന്ന ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. ചില കാത്തിരിപ്പുകൾക്ക് അവസാനമില്ല.ചില സ്നേഹങ്ങൾക്ക് മരണമില്ല. ഓർമ്മകൾക്ക് മരണത്തേക്കാൾ ആയുസ്സുണ്ട്.
ഇന്നും ഓണം വരുമ്പോൾ
എൻ്റെ മനസ്സ് ആദ്യം ഓടിച്ചെല്ലുന്നത് പൊട്ടാത്ത ഊഞ്ഞാലും, പൊട്ടിയ കൈയ്യും, പൊട്ടാത്ത
ഓർമ്മകളിലേക്കുമാണ്.