തങ്കച്ചൻ പന്തളം
ഓർമ്മകളുടെ പുനർജ്ജനി.. പ്രതീക്ഷകളിലേക്കൊരു സ്വപ്നാടനം…
സമതയുടെ സാമൂഹ്യ നീതി…
എന്നിങ്ങനെ ഏതൊരു ശരാശരി മലയാളിയുടെയും ഓണാഘോഷ സങ്കല്പങ്ങൾക്കപ്പുറം സമത്വ സുന്ദരമായ ഒരു ലോക ക്രമം സ്വപ്നം കാണുന്നവർക്ക് ആഘോഷിക്കാൻ ഇതിൽപ്പരം മനോഹരമായ മറ്റൊരുത്സവവുമില്ല. പകരം വയ്ക്കാനില്ലാത്ത ആഘോഷങ്ങളുടെ ആഘോഷമായി ആഗോള മലയാളി ലോകത്തിനു സമർപ്പിക്കുന്ന ദൈവത്തിൻ്റെ സ്വന്തം ഉത്സവമാണ് തിരുവോണം.
പ്രവാസിയുടെ ഗൃഹാതുരതകൾക്കും, നടൻ തനിമകൾക്കും വർഷത്തിലൊരിക്കൽ ഉടലും ഉയിരും വയ്ക്കുന്ന സാംസ്കാരിക സമഗ്രതയുടെ മറുപേരാണ് ഓണം. കച്ചവട സംസ്കൃതിയിൽ എല്ലാം വില്പനച്ചരക്കാവുന്ന കാല വിപര്യയത്തിൽ വിലപേശാനാവാത്ത ഏതോ വിലപ്പെട്ട സ്വപ്നമായി ഓണം ഇപ്പോഴും മലയാളിയുടെ മനസ്സിൽ നന്മയുടെ ഇററു വെട്ടം തെളിച്ചു നിൽക്കുന്നതിൽ നമുക്കഭിമാനിക്കാം;
ഒപ്പം വർഗ്ഗീയ വിഭ്രാന്തികളുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ മലയാളികൾക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇത്തരമൊരുത്സവം അവശേഷിക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കയും ചെയ്യാം.
സത്യധർമ്മങ്ങളുടെ അപജയത്തിനൊപ്പം പരാജിതൻ്റെ വിജയേതിഹാസം വിളിച്ചോതുന്ന ഈ തിരുവോണ വേളയിൽ അഴലും അല്ലലുമില്ലാത്ത ഒരു സ്വപ്ന ലോകത്തിൻ്റെ സുഖസമൃദ്ധിയും കപട സംതൃപ്തിയുമായി നമുക്കിനിയും മുന്നാട്ടു പോകാം
തിരുവോണം മാനവികതയുടെ അതി സൂക്ഷ്മമായ അനുഭവ പാഠമാണ്, അത് നിസ്വരായവരുടെ വീണ്ടെടുപ്പിൻ്റെ അനുസ്മരണവുമാണ്.
അഴിമതി കൊടികുത്തി വാഴുന്ന ആധുനിക ലോകത്ത് സത്യസന്ധതയുടെ പ്രതീകമായി കള്ളവും ചതിയുമില്ലാത്ത ഒരാൾ മാതൃകയെ ആണ്ടിലൊരിക്കലെങ്കിലും ചേർത്തു പിടിക്കാൻ കഴിയുന്നത് ശക്തമായ ഓരോർമ്മപ്പെടുത്തൽ തന്നെയാണ്..
ചരിത്രം വിജയികളുടേതു മാത്രമല്ലെന്നും അത് പരാജയപ്പെട്ടവരുടേതു കൂടിയാണെന്നും അടിവരയിടുന്ന ഈ ഓണാഘോഷ വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ