ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വസന്ത്‌നഗറിൽ പുതിയ സെക്കൻഡറി വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈരേഗൗഡ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നിലവിൽ മാലിന്യം ശേഖരിക്കുന്ന ഹോൾഡിങ് പോയിന്റുകളിൽ മാലിന്യം റോഡിലേക്കും പരിസരത്തേക്കും ചിതറുന്ന സാഹചര്യമുണ്ട്. ചില സ്ഥലങ്ങളിൽ മാലിന്യം നേരിട്ട് നിലത്ത് നിക്ഷേപിച്ച ശേഷം വീണ്ടും വാഹനങ്ങളിലേക്ക് മാറ്റുന്ന രീതിയും തുടരുന്നുണ്ട്. ഇത്തരത്തിൽ മാലിന്യം ഏറെ നേരം സൂക്ഷിക്കുന്നത് റോഡുകളിൽ ‘ബ്ലാക്ക് സ്പോട്ടുകൾ’ രൂപപ്പെടുന്നതിനും മാലിന്യശേഖരണ വാഹനങ്ങളുടെ കാര്യക്ഷമമായ ഉപയോഗം കുറയുന്നതിനും കാരണമാകുന്നു.

പുതിയ ട്രാൻസ്ഫർ സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ മാലിന്യം നേരിട്ട് നിലത്ത് എത്താതെ വലിയ ശേഷിയുള്ള വാഹനങ്ങളിലേക്ക് മാറ്റാനാകും. ഇതുവഴി മാലിന്യത്തിൻ്റെ ശേഖരണവും തുടർഗതാഗതവും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സാധിക്കുമെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) അറിയിച്ചു.

പുതിയ സംവിധാനത്തിലൂടെ മാലിന്യം കൈകാര്യം ചെയ്യുന്നതിലെ മാനുവൽ ഇടപെടൽ കുറയ്ക്കാനും റോഡുകളിലേക്ക് മാലിന്യം വീഴുന്നത് തടയാനും സാധിക്കും. മാലിന്യത്തിൽ നിന്നുള്ള ദ്രാവകം റോഡിലേക്ക് ഒഴുകുന്ന സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നഗരത്തിലെ മാലിന്യശേഖരണ ശേഷി വർധിപ്പിക്കുന്നതിനൊപ്പം റോഡുകളിലെ മാലിന്യക്കൂമ്പാരങ്ങൾ, ബ്ലാക്ക് സ്പോട്ടുകൾ, തുറന്ന നിലയിലുള്ള മാലിന്യസംഭരണം എന്നിവ കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെ ബെംഗളൂരുൻ്റെ ശുചിത്വവും നഗരത്തിൻ്റെ മൊത്തത്തിലുള്ള സൗന്ദര്യവും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Related Posts