മജസ്റ്റിക് ബിഎംടിസി ബസ് സ്റ്റേഷന് സമീപം കവർച്ചാശ്രമത്തിനിടെ 31കാരിയായ ട്രാൻസ്ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 29കാരനായ സ്ഥിരം കുറ്റവാളിയെ ഉപ്പാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രാമമൂർത്തിനഗർ സ്വദേശിയായ ഗൗതം കവർച്ച ചെയ്യുന്നതിനായി ബസ് സ്റ്റേഷനിലെത്തിയതായാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ സങ്കടകട്ടെ സ്വദേശിയായ ദേവിയെ സമീപിച്ച് 200 രൂപ ആവശ്യപ്പെട്ടു. ദേവി പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഗൗതം കഠാര ഉപയോഗിച്ച് ദേവിയുടെ തലയ്ക്ക് ആക്രമിക്കുകയായിരുന്നു. പിന്നീട് ദേവിയുടെ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ചു.
ഇതിനെ ദേവി ചെറുത്തതോടെ ഗൗതം നെഞ്ചിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും നിരവധി തവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ദേവി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിൽ ഉപ്പാർപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഗൗതം സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു.