കർണാടക മുൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ബി.സി.നാഗേഷ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിൽ മകളുടെ വസതിയിൽവച്ചാണ് മരണം. ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് സ്വദേശമായ തുമക്കുരുവിലെ തിപ്തൂരിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2021 മുതൽ 2023 വരെയാണ് ബി.സി. നാഗേഷ് മന്ത്രിയായിരുന്നത്. ഈ കാലയളവിലാണ് കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെച്ചൊല്ലിയുള്ള ചർച്ചകളും ശ്രദ്ധ നേടിയത്.
എൻജിനീയറിങ് ബിരുദധാരിയായ ബി.സി.നാഗേഷ് എബിവിപിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയത്. തിപ്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 2008ലും 2018ലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ സജീവ നേതാവായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.