കേന്ദ്രാനുമതി കിട്ടിയതിനു പിന്നാലെ, 12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങൾ ചൊവ്വാഴ്ച പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുമായുള്ള കുടിക്കാഴ്ചക്ക് പിന്നാലെ, കഴിഞ്ഞ ദിവസമാണ് അധിക വായ്പക്ക് അനുമതി ലഭിച്ചത്. അതേ സമയം ഏത് ഇനത്തിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചതെന്ന് വ്യക്തമല്ല, വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിൻ്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലാണ് 12,000 കോടിയിൽ 5500 കോടിയുടെ അനുമതിയെന്ന് കരുതുന്നു. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ധനവകുപ്പിൻ്റെ വിശദീകരണം.
ഈ വർഷത്തെ കടമെടുപ്പ് പരിധിയിലെ മുഴുവൻ തുകയും ഒപ്പം പ്രത്യേകാനുമതി ലഭിച്ച അധിക തുകയും കേരളം വായ്പയെടുത്തിരുന്നു. കടമെടുപ്പ് പരിധിയിൽ ശേഷിച്ചിരുന്ന 605 കോടിക്കായി കഴിഞ്ഞ ചൊവ്വാഴ്ച കടപ്പത്രമിറക്കിയിരുന്നു. ആഭ്യന്തര ഉൽപാദനത്തിൻ്റെ മുന്ന് ശതമാനമാണ് കേരളത്തിന് കടമെടുക്കാനാവുക. ഇതുപ്രകാരം വായ്പയെടുക്കാനാവുന്ന തുക 38,237 കോടിയാണ്. ഓണക്കാലത്തെ അധിക ചെലവുകൾ പരിഗണിച്ച് 4000 കോടി അധിക വായ്പക്ക് അനുമതി നൽകിയിരുന്നു. ഇതും നിലവിലെ 12,000 കോടിയും കൂടി ചേരുമ്പോൾ ഈ സാമ്പത്തിക വർഷം ആകെ കേന്ദ്രം അനുവദിച്ചത് 54,237 കോടിയുടെ വായ്പാനുമതിയാണ്.