നമ്മ മെട്രോയുടെ ബ്ലൂ ലൈൻ (സിൽക്ക് ബോർഡ്–കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം) പാതയുടെ ആദ്യഘട്ടമായ സിൽക്ക് ബോർഡ്–കെ.ആർ. പുരം ഭാഗം തുറക്കുന്നത് വൈകും.
ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കാനായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ പുരോഗമിക്കാത്ത സാഹചര്യത്തിൽ 2027 മധ്യത്തോടെ മാത്രമേ പാത തുറക്കാനാകൂ എന്നാണ് ഇപ്പോഴത്തെ സൂചന.
ഐടി കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ഔട്ടർ റിംഗ് റോഡിന് സമാന്തരമായാണ് ബ്ലൂ ലൈൻ കടന്നുപോകുന്നത്. പാത യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.