നാലുവരിയായി വികസിപ്പിക്കുന്ന തേനി-കൊല്ലം ദേശീയപാത 183ൻ്റെ സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയായി. കൊല്ലം കടവൂർ മുതൽ ആലപ്പുഴ ആഞ്ഞിലിമൂട് വരെയുള്ള നിലവിലെ പാതയുടെ ഇരുവശങ്ങളിലെയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് പൂർത്തിയായത്. 24 മീറ്റർ വീതിയിൽ വളവുകൾ പരാമാവധി നിവർത്തിയാണ് നാലുവരിപ്പാത നിർമിക്കുന്നത്. കൊല്ലം – തേനി പാതയിൽ മൂന്നിടത്ത് ബൈപാസും നിർമിക്കും.

ആഞ്ഞിലിമൂട് മുതൽ കടവൂർ വരെയുള്ള ദൂരം രണ്ട് റീച്ചുകളിലായാണ് നാലുവരിപ്പാതയായി വികസിപ്പിക്കുക. ആദ്യ റീച്ചിന് 950 കോടിയും രണ്ടാം റീച്ചിന് 800 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ദേശീയപാത ആക്ട് 1956 പ്രകാരമുള്ള 3 A നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കൊല്ലം കടവൂർ മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള നിലവിലെ പാത കടന്നുപോകുന്ന വശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിന് ആണ് 3 A നോട്ടിഫിക്കേഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 24 മീറ്റർ വീതിയിൽ നാലുവരിയായി പാതാ വികസനത്തിന് അന്തിമ അംഗീകാരവും ആയിട്ടുണ്ട്. മാർച്ച് അഞ്ചിന് ഡൽഹിയിൽ കൂടിയ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ദേശീയ പാത ഡയറക്ടർ ജനറൽ അംഗീകാരം നൽകി ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വർഷം തന്നെ ഫിനാൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

Related Posts